Wednesday, October 31, 2007

വസന്തം വരുമൊ?.....

ചന്ദ്രികച്ചാറൊഴുകി ലോകം സങ്കല്‍പ സുന്ദരമായ്‌
താരകാ വൃന്ദങ്ങളക്ഷമരായ്‌ ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
അക്കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
‍തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.

സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല
.* * * *
അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരു‍പമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിന്ന-പദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍‍
അരികിലാണിന്നു നീ എന്നുമെന്നും...

ശോകസാന്ദ്രമായ ഒരു ഞായറാഴ്ച..........


ഞായറാഴ്ച വിഷാദ മൂകമാണു!
എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...
പ്രിയമുള്ളവനേ! എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം ഞാന്‍ ജീവിയ്ക്കയാണു.
വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍ , വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല. ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍, അവര്‍ക്കു വിരോധം തോന്നുകയില്ലേ?
വിഷാദ ഭരിതമായ ഞായറാഴ്ച!
ഞായറാഴ്ച ശോകമൂകമാണു.....
നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.
എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.
താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...
സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.
പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.
എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും; ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഞായറാഴ്ച്ച ഞാന്‍ സ്വപ്നം കാണുന്നുവോ?
ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ , നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.
ഞാന്‍ നിന്നെ കാണുന്നു പ്രിയനേ!
എന്റെ ഓമനേ! എന്റെ സ്വപ്നം നിന്നെ പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.
നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..
ശോകാര്‍ദ്രമായ ഞായറാഴ്ച!............


(മൂല കവിത “ഗ്ലൂമി സണ്ടേ“ എന്ന പേരില്‍ സാറാ മാക്‌ ലാച്ചലാന്‍ എന്ന കവിയിത്രിയുടേതു.)