Monday, November 05, 2007

ഗുരുവായൂരില്‍....

പുലര്‍കാലേ ഗുരുവായൂര്‍ പൂകിയ ഞാനന്നു
നിറ‍മാല ചാര്‍ത്തി‍യ കണ്ണന്റെ ദര്‍ശനം
തേടിയാ, മാസ്മര ദിവ്യാനുഭൂതിയെ

നേടുവാന്‍ ദിവ്യമാം ശ്രീ കോവിലിന്‍
ഗോപുര‍ വാതിലിന്നുള്ളിലെത്തി.
ഉണ്ണിയാം കണ്ണനെ ഹൃത്തിതില്‍ ധ്യാനി-
ച്ചങ്ങജ്ഞലീബദ്ധനായ് സര്‍വം മറന്നു
കൊണ്ടര്‍ദ്ധ നിമീലിത നേത്രനായി,
തിക്കി ത്തിരക്കുന്ന ഭക്തര്‍ തന്‍ കൂട്ടത്തിന്‍
മധ്യത്തിലന്നു ഞാന്‍‍ കാത്തു നില്‍ക്കെ.....

കാര്‍മുകില്‍ വര്‍ണ്ണന്റെ കയാമ്പൂ കണ്ണിലെ

കാരുണ്യ സാന്ദ്രമാം സ്നേഹാമൃതം

കാതരമാകുമെന്‍ ചിത്തത്തിലാകവെ

വാരിളം തെന്നലായ് പൂശി മെല്ലെ.

അനവദ്യമായൊരു വേണുനാദം

അകതാരിലാകെ അലയടിച്ചു.


നിര്‍ദ്ദയരാമാരോ നിയമ പാലകര്‍

എന്നന്തികത്തില്‍ കടന്നു വന്നു.

എല്ലാം മറന്നു കൊണ്ടാറിയാതെ നിന്ന ഞാന്‍

നിഷ്ഠൂര കരങ്ങളാല്‍ ബന്ധിതനായി;

“നീയൊരു ക്രിസ്ത്യാനി, എന്തിനീ സവിധത്തില്‍..
ആഗതനാകുവാനെന്തു ധൈര്യം?“

“നീ ഒരു ഹിന്ദു വൊ? നിന്‍ മാറിലുള്ളൊരു
സ്വര്‍ണ്ണക്കുരിശിതാ , ക്രിസ്ത്യാനി എന്നു
നിന്നെ വിളിച്ചോതുന്നു.
ഈ പുണ്യ ക്ഷേത്രത്തിന്‍‍ ചാരുവാം വിശുദ്ധിയേ
നീ കടന്നെത്തി കളങ്കമാക്കി.....
നീ ഒരു ഭീകരനായിരിക്കാം; പക്ഷെ ,

ബോംബൊന്നും ഇല്ലല്ലൊ നിന്റെ പക്കല്‍

എന്‍ ദേഹമാകെ പരതി നോക്കിയിട്ട-

വര്‍ക്കൊന്നുമേ തന്നെ ലഭിച്ചതില്ല.

“പുണ്ണ്യാഹവും ജയില്‍ ശിക്ഷയും നിന്‍ വിധി
ശുദ്ധി കലശത്തിന്‍ കാശും വേറെ.“

ഞാനന്നു ശ്രീകോവിലിന്നുള്ളിലേ കൃഷ്ണന്റെ
ചാരു പരിഹാസ പുഞ്ചിരി ദര്‍ശിച്ചു.,

നിസ്തബ്ദനായി തിരികെ എത്തി.

ഉണ്ണീ! നിന്‍ കാവലിന്നായി നിയോഗിച്ച
കപാലികരിന്‍‍ ഭക്തി നീ അറിഞ്ഞോ? .....‍