Thursday, December 23, 2010

ഓര്‍മ്മയുടെ തിരുമുറ്റത്തു.....




നിന്നോര്‍മ്മയിലെന്‍ ജീവിതമാകെ തളര്‍ന്നുറങ്ങുമ്പോള്‍‍

മധുരിതമാകും കിനാക്കളുള്ളില്‍ നടനം ചെയ്യുന്നൂ.

മനസിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുമൊരോമന സ്വപ്നവുമായ്

നിലാവിനുള്ളില്‍ നിന്നുമിറങ്ങിയൊരപ്സരസായീ നീ.

അനന്ത നീല വിഹായുസ്സിനുള്ളില്‍ മറഞ്ഞു പോയോ നീ?


വിണ്ണീലുറ‍ങ്ങിയപൂന്തിങ്ക ളിന്നവള്‍‍ക്കു കൂട്ടായി

കണ്ണില്‍ നിന്നു മറഞ്ഞൊരു സുന്ദരതാരകമായീ നീ.

മണ്ണില്‍ വീണു തകര്‍ന്നു മരിച്ചൊരു ചാരു സ്മരണകളേ

വര്‍ണ്ണപ്പൊട്ടുകളായിന്നേറ്റും മന‍സിന്‍ യവനികയില്‍.

വസന്ത രാഗ വിലാസം പേറും പൂവണി മാസത്തില്‍

ആശകളോരോന്നായിട്ടെന്നില്‍ വിരുന്നു വന്നീടും.

കഥ പറയുന്നോരാകാശത്തിന്‍ മണിയറ പൂകീ നീ

കരളിന്നുള്ളില്‍ കരയുന്നൊരു മമ രാവിന്‍ കഥ കേട്ടോ.


മധുരിതമാകും, ഹൃദയേ നീ അന്നുതിര്‍ത്ത സംഗീതം

കനലുകളെന്നില്‍ വിതറുന്നെന്നുടെ മുറിവുകളായ് തീര്‍ന്നു.

പലതും തേടും, പലതും നേടും ജീവിത ധാരയിതില്‍

പകര്‍ന്നു തരുവാനുള്ളതു നിന്നുടെ ദുഃഖ സ്മൃതി മാത്രം!

Wednesday, December 15, 2010

അവസാനത്തെ ശ്വാസം...







അവസാനത്തെ ശ്വാസം!

അപ്പോഴേക്കും...ഹൃദയസ്പന്ദനംനിലച്ചിരിക്കും...ശരീരത്തിന്റെ

ഊര്‍ജ്ജവും,ഊഷ്മാവും“റിവേര്‍സ് ഗീയറില്‍” പ്രവേശിച്ചിരിക്കും..

പിന്നെ എല്ലാംശൂന്യം! ശുഭം...

അവസാനിച്ചു..

ഒരു ജീവിതം പൊലിഞ്ഞിരിക്കുന്നു!

ആ നിശ്വാസത്തില്‍
ശാസ്ത്രഞ്ജര്‍,..അവകാശപ്പെടുന്ന“നശിക്കാത്ത.ഊര്‍ജ്ജം“എവിടെപ്പോയി?..

ഒന്നുംനശിക്കുന്നില്ലെങ്കില്‍ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ?

അതോ.. എന്നാല്‍ നമുക്കു നഷ്ടപ്പെടുന്നതെന്താണു?...
ആ നിശ്വാസത്തിന്റെ ആകെ മൂല്യം എന്താവാം?.
ജീവിതത്തില്‍...

‍ബാല്യംമുതല്‍ ആര്‍ജ്ജിച്ചെടുത്തവിഞ്ജാനസമ്പത്തുമുഴുവനായി..

(ഒരു പ്രയൊജനവും ഇല്ലാത്ത ദേശീയസമ്പത്ത്!)

ജീവിതത്തിലന്നോളംഇന്നോളം അറിയാന്‍ കഴിഞ്ഞ അനുഭവ സമ്പത്ത്...

വൈകാരിക ജീവിതത്തിലെ അനുഭവങ്ങളില്‍ നേരിട്ട

പാളിച്ചകളോ,താപമോ, വ്യഥകളോ, അനുഭൂതികളോ,

മധുരം കിനിയുന്ന ഓര്‍മ്മകളോ,നൊമ്പരങ്ങളുടെ ദുഃഖമോ...

ആ മേഖലയിലുള്ള എല്ലാം എല്ലാം നഷ്ടമാകുന്നു...

ഓര്‍മ്മകളില്‍..എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന,

മഹത്തായ, ജീവിതത്തിന്റെബാക്കിപത്രമായ,

മധുരംനിറഞ്ഞബാല്യത്തിന്റെസ്മരണകള്‍,

മാതാപിതാക്കളുടെ സ്നേഹലാളനകള്‍...

പൂവണിയാന്‍ മടിച്ച മോഹങ്ങള്‍...

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍...

തകര്‍ന്നടിഞ്ഞബന്ധങ്ങള്‍...

ഇന്നിനിവരാന്‍‍ കഴിയാത്തകൌമാരത്തിന്റെ ചാപല്യങ്ങള്‍...

പ്രേമനൈരാശ്യത്തിന്റെ ആത്മനൊമ്പരങ്ങള്‍..

പ്രണയമോഹഭംഗങ്ങള്‍..

വിരഹത്തിന്റെ വേദനകള്‍...

നിസ്സഹായതയില്‍,അടര്‍ന്നുപോയ,ദാമ്പത്യഭാവനകള്‍...

കുഞ്ഞുങ്ങളുടെകിളികൊഞ്ചലുകള്‍.....

വാര്‍ദ്ധക്യത്തിന്റെ പങ്കപ്പാടുകള്‍...

രോഗത്തിന്റെ ബന്ധനങ്ങള്‍...
ഇണയുടെസ്നേഹശൂന്യമായ പെരുമാറ്റങ്ങള്‍...

നിര്‍ദ്ധനതയുടെ ആശങ്കകള്‍...

അകലേക്കു അകന്നുപോയ സന്താനങ്ങളുടെ അവഗണനകള്‍...

ജീവിതമെന്ന മഹാ സാഹസത്തിന്റെ ഒരു പരിഛേദം അല്ലേ ഇതൊക്കെ?...

ആ നിശ്വാസത്തില്‍ കാച്ചിക്കുറുക്കി

വച്ചിരിക്കുന്നതു ഇത്രയുംകാര്യങ്ങള്‍ അല്ലേ? അതെല്ലാം!

ഈ യുഗത്തിനു ഒരു പ്രത്യേകത ഉണ്ടു.

ആധുനികതയുടെ മുന്‍പില്‍ എല്ലാം വിസ്മരിച്ചുകൊണ്ടു

ജൈത്രയാത്രനടത്തുന്ന മനുഷ്യന്‍‍..

ചുറ്റുപാടുകളെക്കുറിച്ച് യാതൊരവബോധവുമില്ലാതെ

സ്വയം തന്റെ കേന്ദ്രത്തില്‍ മാത്രമുള്ള ഭ്രമണം! (orbit).

ഋതുഭേദങ്ങള്‍ഉണ്ടാകുന്നു...

ആഗോളതാപനില വര്‍ദ്ധിക്കുന്നു...

കാലാവസ്ഥ.തകിടംമറിയുന്നു...സമുദ്രനിരപ്പു ഉയരുന്നു...

മഞ്ഞുമലകള്‍ ഉരുകുന്നു...

ഇതൊന്നുംതന്നെ ബാധിക്കയില്ലെന്നു അവന്‍ കരുതുന്നു.

സൂര്യന്‍ഉദിക്കുന്നുണ്ടു...പടിഞ്ഞാറുതന്നെ അസ്തമിക്കുന്നുണ്ടു...

മനുഷ്യന്‍ ജോലിക്കു പുറത്തേക്കു പോകുന്നു...

തിരികെ മാളത്തിലേക്കു വരുന്നു...

പുറത്തു നടക്കുന്നതൊന്നും അവന്റെ കാര്യമല്ല.

ഉടനെ സംഭവിക്കാന്‍ സാധ്യതയുള്ള പ്രകൃതി ക്ഷോഭത്തിന്റെയോ,

ഭൂകമ്പത്തിന്റേയോ, സാംക്രമിക രോഗങ്ങളുടേയൊ

മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചു കൊണ്ടു....

ജീവിതം തടസ്സമില്ലാതെ പോകുന്നിടം വരെ ...

ഒരുനാള്‍ ‍ഈ മനോഹര തീരത്തു നിന്നു യാത്രയാകണമെന്നുള്ള വിചാരം ഇല്ലാതെ..

അവസാന നിശ്വാസത്തില്‍ പൊലിഞ്ഞു പോകുന്ന

അമൂല്യ സമ്പത്തുകളെക്കുറിച്ചു തരിമ്പും ചിന്ത ഇല്ലാതെ എത്ര നാള്‍?

Friday, December 10, 2010

ഇന്നലെയുടെ ദുഃഖസ്മൃതികള്‍...






ആരാണിന്നാരാണെന്‍ജീവിതത്തില്‍

‍ആരാഞ്ഞിറങ്ങുന്ന ദേവകന്യാ

പൂവും പ്രദീപവും ചാന്തുമായി

പൂജയ്ക്കു പോകുന്ന നിത്യകന്യ ?


ഞാനാണു ദേവാ നിന്‍ തൂമിഴിയില്‍

മാനത്തു നിന്നും പറന്നു വന്നോള്

‍നിന്‍കടക്കണ്ണിലും ചിന്തയിലും

നീന്തിത്തുടിക്കുവാനോടി വന്നോള്‍.


നിന്നെ ഞാന്‍ഓര്‍ക്കുന്നു പണ്ടു പണ്ടീ

കന്നിനിലാവില്‍ മണല്പുറത്തില്‍

‍ഹേമന്തസന്ധ്യയില്‍ മിന്നി മിന്നി

തൂമഞ്ഞിലൂറിക്കിടന്നതായി

മല്‍പ്രാണ ബിന്ദുവില്‍ ‍നീന്തി നീന്തി

ബ്രഹ്മാണ്ഢലോകം തളര്‍ന്നു പോകെ
ഒറ്റക്കൊരോടക്കുഴലുമായി

ഒട്ടൊട്ടു ദൂരെ നീ നിന്നതില്ലെ?


നീ എത്ര മോഹിനീ, സ്വര്‍ഗ റാണീ

മായട്ടെ ഞാനിനി പ്രേമവാനില്‍

‍നീ മാ‍ഞ്ഞു പോകിലും ജീവിതത്തില്‍‍


‍നീറിക്കിടക്കുമീ തപ്ത ദാഹം……….

Tuesday, December 07, 2010

പങ്കുവയ്ക്കല്‍......



എനിക്കു പങ്കുവയ്കാനായി അധികം ഒന്നും ഇല്ല.

എന്നാലും എന്റെ അപ്പം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.

എന്റെ ആനന്ദം നിങ്ങളുമായി പങ്കു വയ്ക്കാം.

ചിലപ്പോള്‍ എന്റെ ദുഃഖങ്ങളും..

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം..


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ആവില്ല.

എങ്കിലും, ഒരു നാഴിക നിങ്ങളോടൊപ്പം കൂട്ടിരിക്കാം.

ഒരു തമാശ നമുക്കു പങ്കു വയ്ക്കാം.

ചിലപ്പോള്‍ ജീവിതത്തിലെ പരാജയങ്ങളും...

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം...


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവില്ലെങ്കിലും,

എന്റെ പൂക്കള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ പുസ്തകങ്ങളും..

ചിലപ്പോള്‍ എന്റെ പ്രയാസങ്ങളും..

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം....


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാന്‍ ആവില്ല.

എന്നാലും, എന്റെ ഗാനങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ അനുഭൂതികളും...

.ചിലപ്പോള്‍, നിങ്ങളുടെ അടുത്തിരുന്നു കൊണ്ടു,

നമുക്കു പൊട്ടിച്ചിരിക്കാം.

അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം.


എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനാവില്ലെങ്കിലും,

എന്റെ അഭിലാഷങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.

എന്റെ ഭീതികളും...

ചിലപ്പോള്‍ നിങ്ങളോടൊപ്പം ഞാന്‍ കണ്ണീര്‍ പൊഴിക്കാം.

അങ്ങനെ ഈ വഴിയില്‍ കൂടി നമുക്കു മുന്‍പോട്ടു പോകാം.

എനിക്കു മറ്റൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും,

എന്റെ സുഹൃത്തുക്കളെ, നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കാം.

അതോടൊപ്പം, എന്റെ ജീവനും..

എപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാം.

അങ്ങനെ നമുക്കു ഈ വഴിയില്‍ കൂടി ഒരുമിച്ചു പോകാം...

മുന്‍പോട്ടു തന്നെ.......

സ്നേഹപൂർവ്വം.... കുഞ്ഞുബി

Thursday, December 02, 2010

മൌനവാല്‍മീകം..





നിശബ്ദമായി ഇരിക്കുക!

ഒളിച്ചു കിടന്നു കൊള്ളുക.

നീ കാണുന്ന കിനാവുകളുടെ പാത രഹസ്യമായിരിക്കട്ടെ.

നിന്റെ വികാരങ്ങളും മറച്ചു പിടിച്ചുകൊള്ളുക.

നിന്റെ ആത്മാവില്‍, സ്പടികസമാനമായ ആകാശ വീഥിയിലെ

താരകള്‍‍ പോലെ, അവ ഉണര്‍ന്നു വരട്ടെ.

അവ രാത്രിയുടെഅവസാന യാമത്തിനു മുന്‍പു

അസ്തമിക്കുമല്ലോ!

അതില്‍ സന്തുഷ്ടി കണ്ടെത്തുക.

ഒരു വാക്കു പൊലും ഉച്ഛരിക്കരുതു.


വ്യക്തത കണ്ടെത്താന്‍ ഒരു ഹൃദയത്തിനു എങ്ങനെ സാധിക്കും?

നിന്റെ മനസ്സ് മറ്റുള്ളവര്‍ എങ്ങനെ അറിയും?

നിന്നെ ഉത്തേജിപ്പിക്കുന്നതു എന്തെന്നു അവനു തിരിച്ചറിയാന്‍ കഴിയുമോ?

ഒരിക്കല്‍ പറഞ്ഞു പോയാല്‍ ചിന്തകള്‍ അസത്യമായി.

തെളി നീരുതിരുന്ന ഉറവ അനക്കിയാല്‍, അതു കലങ്ങിപ്പോകും.

അതു കലങ്ങാതെ തന്നെ അതില്‍ നിന്നും ദാഹനീര്‍ കുടിക്കുക.

ഒരു വാക്കു പോലും ഉച്ഛരിക്കരുതു..


നിന്റെ അന്തരാത്മാവില്‍ നീ സ്വയം ജീവിക്കുക.

നിന്റെ ആത്മാവിനുള്ളില്‍, പുറം ലോകത്തിന്റെ വെളിച്ചം

ഏല്‍ക്കുമ്പോള്‍ അതു‍ അന്ധമായി പോകുന്നു.


ഒരു ലോകം, മൂടുപടത്തിനു പുറകില്‍ നിറഞ്ഞു നില്‍ക്കുന്ന

വിചാര ധാരകളുടെ ഒരു മാന്ത്രിക വലയം സൃഷ്ടിച്ചിട്ടുണ്ട്.

പകലിന്റെ ശബ്ദ കോലാഹലങ്ങളില്‍ അതു മുങ്ങിത്താണു പോകും

ആരും അറിയാതെ ആ ഗാനം നീ ശ്രവിക്കുക.

ഒരു വാക്കു പോലും നീ ഉച്ഛരിക്കരുത്.


(ഒരു സ്വതന്ത്ര പരിഭാഷ: silentium by Fyodor Tyutchov..Translated into english by Vladimir Nobokov.)