Friday, July 22, 2011

സ്വപ്നാടനം....






പുളകപ്പൂവാട അണിഞ്ഞൊരുങ്ങി
പുതുമ തന്‍ പൂന്തെന്നല്‍ ആസ്വദിക്കെ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ആ ചാരു ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി വന്നെത്തിടാറുണ്ടു നിത്യം...

ശോകാർത്തമാകുമെന്നത്മാവിൽ ‍നീ പൊഴിക്കും
സ്നേഹാർദ്ര സാന്ദ്രമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...

Friday, July 01, 2011

പ്രണയമണിത്തൂവല്‍...



എന്നുമന്റെ പൊന്‍ കിനാവില്‍ സുന്ദര വസന്തമായി

ദാഹമായ്‌, മോഹമായ്‌, നീറുന്ന ശോകമായ്‌,

മായ്ച്ചാലും മായാത്തൊരോര്‍മ്മയായ്‌ തീര്‍ന്നൊരു

ലാവണ്യ രാഗപരാഗമെ നിൻ,

തേനൂറും ചുണ്ടിണയില്‍ നിറയുമൊരു മൃദുഹാസം,

കുളിരേകും ഹൃദയത്തില്‍ വിടര്‍ത്തുന്നൊരായിരം

പ്രണയ സൗരഭ്യമേറും നറുമലരാം ഹര്‍ഷങ്ങള്‍...

നിറമുള്ള സ്വപ്നങ്ങള്‍, നിനവിലെ മോഹങ്ങള്‍,

അനുരാഗക്കൊതിയൊടെ, അകതാരില്‍ നിറയുന്നോ-

രഴകാര്‍ന്ന മദഭര വ്യാമോഹങ്ങള്‍,....


കരളിലെ കുളിരുമായ്‌ നിറയുന്ന സ്നേഹത്തിന്‍

മധുമന്ത്രണങ്ങള്‍ തന്‍ സുഗന്ധപ്പൂക്കള്‍,

ആര്‍ദ്രമാം ഹൃദയത്തില്‍ കതിരിടും ആശകള്‍,

അനുരാഗക്കുമ്പിളില്‍ കിനിയും മകരന്ദമായ്‌

പുളക മുകുളങ്ങള്‍ നീട്ടും നിര്‍വൃതികള്‍.

ജന്മങ്ങളില്‍ കൂടി നാം ചെയ്ത യാത്രയില്‍

ഒരുമിച്ചു നാമൊന്നായ്‌ പങ്കു വച്ചു.

അനുരാഗവിവശയായ്‌ നിന്നില്‍ നിന്നുതിരുന്ന

അമൃത നിഷ്യന്ദിയാം സ്വരമാധുരി, എന്നെ

അറിയാതൊരഴകാര്‍ന്ന മോഹനിദ്രയിലെന്നും

അനുലീനമാക്കി കൊണ്ടരികിലെത്തും.

എന്നുമെന്നാത്മാവിൻ മിഴികളില്‍ രാഗവര്‍ണ

പ്രണയത്തിന്‍ നിറമെഴുതും നിന്‍ സ്നേഹ കരവല്ലി,

മുകരുവാന്‍ കൊതിയോടെ പിടയുന്ന ഹൃദയത്തിന്‍

കദനത്തിന്‍ തിരകളെ, അലസമായ്‌ കരുതല്ലെ,

പ്രിയമാനസെ!