Tuesday, March 08, 2011

ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....





തങ്കക്കിനാക്കള്‍ തന്‍ തംബുരു മീട്ടിയെന്‍‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാൻ.. .
കാണുന്നു നിന്നെ എന്നുൾക്കടക്കണ്ണിനാല്‍
‍ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്‌

സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്‌
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓം'ങ്കാര നാമമായ്‌.
ചേതോമനോഹര സംഗീതമാത്മാവില്‍
‍കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്‌..........

അച്ചക്രവാളത്തിനുമപ്പുറംനിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ആ രാഗ സീമയിലെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്‌.

കൊഴിയാന്‍ മടിക്കുന്നൊരശ്രുവിൻ ബിന്ദു പോല്‍
നിന്നെ ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍‍;
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെമധുമാരി ചൊരിയുമോരോമല്‍ത്തിടമ്പായി.
നറുനീലാകാശത്തിന്‍ നെറ്റിയില്‍ പ്രഭാതത്തില്‍‍
നിന്‍ കവിള്‍ പൂക്കൾ തൻ ശോണിമ പടരുമ്പോള്‍‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......